സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന നിര്‍മ്മാതാവിന് ഇവിടെ നില്‍ക്കാനാകില്ല, മലയാള സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടം താരങ്ങളുടെ പോക്കറ്റില്‍ തന്നെ
ഞാന്‍ ഇനി കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴിലാണ്. തമിഴിലാണ് ഒരു നിര്‍മ്മാതാവ് കുറെക്കൂടി സേഫ് ആകുന്നതും മര്യാദയോടെ കാര്യങ്ങള്‍ നടക്കുന്നതും അവിടെയാണ്. തമിഴ് സിനിമ ചെയ്തിട്ടുള്ള ഇവിടെയുള്ള താരങ്ങളോട് ചോദിച്ച് നോക്കൂ, തമിഴില്‍ അവര്‍ക്ക് കിട്ടുന്ന മര്യാദ എത്തരത്തിലാണ് എന്ന്. എന്റെ മൂന്ന് പടങ്ങള്‍ തമിഴില്‍ തുടര്‍ച്ചയായി റിലീസ് ചെയ്യാനും പോവുകയാണ്.
മലയാള സിനിമയിലെ ദൃശ്യശൈലീ മാറ്റത്തിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞ ബാനറാണ് മാജിക് ഫ്രെയിംസ്. ഈ ബാനറിന്റെ അമരക്കാരനായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ട്രാഫിക് മുതല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ വരെയുള്ള സിനിമകളിലൊന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുമില്ല. മലയാളത്തിന് പുറമേ തമിഴിലും ഏഴ് ചിത്രങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു ലിസ്റ്റിന്‍. ലിസ്റ്റിന്‍ സ്റ്റീഫനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
മലയാള സിനിമയിലെ സമീപകാല ശൈലീമാറ്റത്തിനും പരീക്ഷണങ്ങള്‍ക്കും മുന്‍കയ്യെടുത്ത നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് മുതല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ വരെ എന്തെങ്കിലും വ്യത്യസ്ഥത അടയാളപ്പെടുത്താന്‍ താങ്കളുടെ സിനിമയ്ക്കായി, വലിയ റിസ്‌ക് ഫാക്ടര്‍ ഉണ്ടായിരുന്നില്ലേ?
എല്ലാ സിനിമകളും നിര്‍മ്മാതാവിന് റിസ്‌ക് തന്നെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ മാത്രമാണ് റിസ്‌ക് എടുക്കുന്നതും വെല്ലുവിളി ഏറ്റെടുക്കുന്നതെന്നും എനിക്ക് തോന്നുന്നില്ല. പക്ഷേ മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന സിനിമ എന്തെങ്കിലും ഒരു സവിശേഷതയുള്ളതോ ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നതോ ആകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ട്രാഫിക് ഇറങ്ങിയത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയെത്തിയ സമയത്താണ്. ട്രാഫിക്ക് നേടിയതിനേക്കാള്‍ വലിയ കളക്ഷനും വിജയവും ആ ചിത്രം നേടി. പക്ഷേ തിയറ്ററുകളിലെ വിജയത്തിനപ്പുറം ആ ചിത്രം ചര്‍ച്ചയായില്ല. ട്രാഫിക് തിയറ്ററുകളിലും പുറത്തും ചര്‍ച്ചയായി.റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷവും ആ സിനിമ പ്രേക്ഷകരുടെ മനസ്സിലുണ്ടായി. അംഗീകാരങ്ങള്‍ നേടി.തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു. ട്രാഫികിന്റെ നിര്‍മ്മാതാവ് എന്നതും എനിക്ക് കിട്ടിയ വലിയ അംഗീകാരമായി. ചാപ്പാക്കുരിശ് ഇറങ്ങിയ സമയത്താണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഇറങ്ങിയത്. സിനിമയുടെ ട്രീറ്റ്‌മെന്റിലും ഫൈവ്ഡി,സെവന്‍ ഡി ക്യാമറ ഉപയോഗിച്ചുള്ള ചിത്രീകരണത്തിലുമൊക്കൈയായി ആ സിനിമയും അംഗീകരിക്കപ്പെട്ടു.ഫഹദ് ഫാസില്‍ എന്ന നടനും അതുവരെ ലഭിച്ചിതിനെക്കാള്‍ കയ്യടി കിട്ടി. ഉസ്താദ് ഹോട്ടലും ഹൗ ഓള്‍ഡ് ആര്‍ യൂവും ചിറകൊടിഞ്ഞ കിനാവുകളും ഇത്തരത്തില്‍ എന്തെങ്കിലും വേറിട്ട് ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായുണ്ടായതാണ്.
ചിറകൊടിഞ്ഞ കിനാവുകളിലെത്തിയപ്പോള്‍ പതിവില്‍ കവിഞ്ഞ വെല്ലുവിളിയായിരുന്നില്ലേ? സ്പൂണ്‍ ഫീഡിംഗ് നിര്‍ബന്ധമുള്ള പ്രേക്ഷകരിലേക്ക് കൂടിയാണ് സ്പൂഫ് എന്ന പരീക്ഷണത്തെ പരിചയപ്പെടുത്തിയത്?
മലയാളത്തില്‍ ആദ്യമായൊരു സ്പൂഫ് സിനിമ എന്നത് ആ ചിത്രത്തിനുള്ള വലിയ അംഗീകാരമല്ലേ. റിലീസിന് ശേഷം എന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചിട്ടുളള സിനിമയാണിത്. സ്പൂഫ് ചിത്രം ആദ്യമായത് കൊണ്ട് ചിലര്‍ക്ക് ചിത്രം ഉള്‍ക്കൊള്ളാനായില്ല. വളരെ നല്ലൊരു പരീക്ഷണമായിട്ടും പ്രേക്ഷകരില്‍ നിന്ന് വേണ്ടത്ര പിന്തുണയുണ്ടായില്ലെന്ന പരാതിയാണ് സിനിമ കണ്ടവര്‍ ഉന്നയിച്ചത്. ആ ശ്രമത്തിന് അംഗീകാരം കിട്ടി. വ്യക്തിപരമായി എനിക്ക് വലിയ സംതൃപ്തിയുണ്ടാക്കി ചിത്രവുമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ ആ സിനിമയുടെ മുതല്‍മുടക്ക് പരിഗണിക്കുമ്പോള്‍ കുറച്ചുകൂടെ സംതൃപ്തനാകാനുണ്ട്. ട്രാഫിക്കിന്റെ തുടക്കത്തിലും ഇങ്ങനെയായിരുന്നു. മൗത്ത് പബഌസിറ്റിയിലൂടെ റിലീസിന് രണ്ടാഴ്ചയ്ക്ക് ശേഷമൊക്കെ കൂടുതലാളുകള്‍ കാണാനെത്തുകയായിരുന്നു.
സൂപ്പര്‍താരങ്ങളില്ലാത്ത സിനിമകളാണ് ലിസ്റ്റിന്‍ ഇതുവരെ നിര്‍മ്മിച്ചിരിക്കുന്നത്?
ഞാന്‍ സിനിമ ചെയ്യുന്നത് സബ്ജക്ടിന് അനുസരിച്ചാണ്. അതുകൊണ്ട് തന്നെ അടുത്ത ചിത്രം ഈ നടനെ വച്ചാകണം എന്ന് നിര്‍ബന്ധം പിടിക്കാനാകില്ലല്ലോ. പിന്നെ നമ്മള്‍ മമ്മൂക്കയെയും മോഹന്‍ലാലിനെയും വച്ചൊരു ചിത്രമെടുക്കുകയാണെങ്കില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ ആ സിനിമ തീരുമെങ്കില്‍ വലിയ റിസ്്കുണ്ടാകില്ല. അത്തരമൊരു സൗകര്യത്തില്‍ സിനിമയെടുക്കുകയല്ല മാജിക് ഫ്രെയിംസിന്റെ ലക്ഷ്യം.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എന്ന കാര്യത്തില്‍ വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമെടുക്കുന്ന മുതിര്‍ന്ന സംവിധായകര്‍ പോലും പരാജയപ്പെട്ടിടത്ത് എങ്ങനെയാണ് ലിസ്റ്റിന്‍ ഈ പരീക്ഷണങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കുന്നത്?
വമ്പന്‍ കളക്ഷന്‍ മാത്രം ലക്ഷ്യമിട്ടല്ല ഇതുവരെ സിനിമകളെടുത്തത്. വര്‍ഷത്തില്‍ ഒരു മലയാള സിനിമയാണ് ഞാന്‍ നിര്‍മ്മിക്കുന്നത്. അത്രയേറെ സെലക്്ടീവായത് കൊണ്ടാണിത്. നൂറ് കണക്കിന് സ്‌ക്രിപ്ടുകളുമായി ആളുകള്‍ വരുന്നുണ്ട്. അതെല്ലാം കേട്ട ശേഷമാണ് ഒരു വര്‍ഷം ഒരു സിനിമയിലേക്കെത്തുന്നത്. നൂറ് ശതമാനം റിസ്‌ക് ഉള്ള പ്രൊജക്ട് വരട്ടെ എന്ന് കരുതിയല്ല ഇതൊന്നും. പക്ഷേ നമ്മള്‍ എടുക്കുന്ന സിനിമ വ്യത്യസ്ഥതമായിരിക്കണം എന്നേ ആഗ്രഹിക്കാറുള്ളൂ. മാജിക് ഫ്രെയിംസില്‍ നിന്ന് വരുന്ന ഒരു സിനിമ വെറുതെ കണ്ടിറങ്ങാവുന്ന ഒന്നാകരുത് എന്ന് ഓഡിയന്‍സിനും തോന്നണം.
മലയാളത്തിന് പുറമേ തമിഴിലും ലിസ്റ്റിന്‍ സിനിമ നിര്‍മ്മിക്കുന്നുണ്ട്. എണ്ണത്തില്‍ മലയാളത്തെക്കാള്‍ തമിഴിലാണ് മാജിക് ഫ്രെയിംസിന്റേതായി സിനിമകള്‍ വരുന്നത്? പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മലയാളത്തെക്കാള്‍ സേഫ് തമിഴാണോ?
പണപരമായ റിസ്‌ക് പ്രൊഡ്യൂസര്‍ക്ക് എല്ലായിടത്തുമുണ്ട്. സിനിമയ്ക്ക് പിന്നിലുള്ള ടീമിനെ ഒരുമിച്ച് കൊണ്ടുപോവുക ഇവിടെ നല്ല ബുദ്ധിമുട്ടാണ്. മലയാളത്തിലാണെങ്കില്‍ അഭിനേതാക്കള്‍ക്കിടയിലെ ഈഗോ വല്യപ്രശ്‌നമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പ്രൊജക്ട് കൊണ്ടുപോകാനാകില്ല. നിര്‍മ്മാതാവ് എന്ന നിലയില്‍ തുറന്നടിച്ച് പറഞ്ഞത് കൊണ്ട്് ചില ആര്‍ട്ടിസ്റ്റുകളുമായി ഇപ്പോഴും പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മുഖസ്തുതിയല്ലാതെ മുഖത്ത് നോക്കി പറയേണ്ടത് പറഞ്ഞാല്‍ പലര്‍ക്കും ഇഷ്ടമാകില്ല. ഹല്ലേലൂയാ പാടി എല്ലാവരെയും സുഖിപ്പിച്ച് നിര്‍ത്താന്‍ എനിക്കറിയില്ല. ഇതെല്ലാം നല്ല സിനിമ ഉണ്ടാകണമെന്ന കടുംപിടുത്തമുണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണ്. നിര്‍മ്മാതാവ് എന്ന നിലയില്‍ ആര്‍ട്ടിസ്റ്റുകളുമായി ടെക്‌നീഷ്യന്‍മാരുമായും നല്ല രീതിയില്‍ വ്യക്തിബന്ധം പുലര്‍ത്താനായിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ മാജിക് ഫ്രെയിംസിനോട് സഹകരിച്ച ഒരു ആര്‍ട്ടിസ്റ്റിനും,ടെക്‌നീഷ്യനും അവരുടെ പ്രതിഫലത്തിന്റെ കാര്യത്തിലും പരിഗണിച്ച കാര്യത്തിലും പരാതിയുണ്ടായിട്ടില്ലെന്നാണ് വിശ്വാസം. ഇവിടെ പൈസ മുടക്കുന്ന നിര്‍മ്മാതാവിന്റെ മാത്രം ഉത്തരവാദിത്വവും ബാധ്യതയുമാണ് സിനിമ തമിഴില്‍ അങ്ങനെയല്ല. ചിത്രീകരണം വൈകിയാലും റിലീസ് ഘട്ടത്തിലുമെല്ലാം പ്രൊഡ്യൂസര്‍ക്ക് മാത്രമാണ് പ്രതിസന്ധിയിലാകുന്നതും,നഷ്ടമുണ്ടാകുന്നതും. അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമെല്ലാം അവരുടെ പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങും.
മലയാളത്തില്‍ മാജിക് ഫ്രെയിംസ് അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തമിഴില്‍ ഏഴ് സിനിമകളായിട്ടുണ്ട്,അതും ഈ കാരണത്താലാണോ?
ഞാന്‍ ഇനി കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴിലാണ്. തമിഴിലാണ് ഒരു നിര്‍മ്മാതാവ് കുറെക്കൂടി സേഫ് ആകുന്നതും മര്യാദയോടെ കാര്യങ്ങള്‍ നടക്കുന്നതും അവിടെയാണ്. തമിഴ് സിനിമ ചെയ്തിട്ടുള്ള ഇവിടെയുള്ള താരങ്ങളോട് ചോദിച്ച് നോക്കൂ, തമിഴില്‍ അവര്‍ക്ക് കിട്ടുന്ന മര്യാദ എത്തരത്തിലാണ് എന്ന്. എന്റെ മൂന്ന് പടങ്ങള്‍ തമിഴില്‍ തുടര്‍ച്ചയായി റിലീസ് ചെയ്യാനും പോവുകയാണ്.
താരങ്ങള്‍ ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ തയ്യാറായ നിര്‍മ്മാതാക്കളല്ലേ ഇതിന് കാരണക്കാര്‍. ഒരു താരം പ്രതിഫലം കൂടുതല്‍ ചോദിച്ചാല്‍ മറ്റൊരാളെ പകരം പ്‌ളേസ് ചെയ്യാന്‍ പറ്റുന്ന നിര്‍മ്മാതാക്കളും സംവിധായകരുമില്ലല്ലോ? ഇവിടെ വിസിറ്റിംഗ് പ്രൊഡ്യൂസേഴ്‌സ് അല്ലേ കൂടുതല്‍? ദീര്‍ഘകാലത്തേക്ക് ഒരു പ്രൊഡ്യൂസറെ നിലനിര്‍ത്താന്‍ മലയാള സിനിമയ്ക്ക് കഴിയാത്തത് എന്താ?
സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും സിനിമാ വ്യവസായത്തില്‍ നിന്ന് നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു നിര്‍മ്മാതാവിന് മലയാള സിനിമയില്‍ നിലനില്‍ക്കാനാകില്ല. താരങ്ങളുടെ അപ്രതീക്ഷിതമായി ഉയരുന്ന പ്രതിഫലം തന്നെയാണ് പ്രധാന തിരിച്ചടി. തമിഴില്‍ എന്റെ പാര്‍ട്ണറാണ് നടന്‍ ശരത്കുമാര്‍. പ്രധാന താരമായി തിളങ്ങിയ സമയത്ത് അദ്ദേഹം അവിടെയുള്ള വമ്പന്‍ ബാനറായ സൂപ്പര്‍ഗുഡ് ഫിലിംസിന്റെ പതിനാറ് ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഒരു പടം വലിയ ഹിറ്റായാല്‍ അടുത്ത പടത്തിന് രണ്ടോ മൂന്നോ ലക്ഷം രൂപാ കൂട്ടിച്ചോദിക്കാന്‍ പേടിയായിരിക്കുമെന്നാണ്. കാരണം അടുത്ത പടത്തില്‍ അവരുള്‍പ്പെടുത്താതിരുന്നാലോ എന്ന ആശങ്കയുണ്ടാകും. ഇവിടെ പത്ത് ലക്ഷം രൂപാ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ ഒരു സിനിമ ഹിറ്റായാല്‍ പിന്നെ മൂന്നിരട്ടിയാക്കും പ്രതിഫലം. പിന്നെ പുതുതായി എത്തുന്ന പല നിര്‍മ്മാതാക്കളും സിനിമയെക്കുറിച്ച് പ്രാഥമിക ധാരണയൊന്നുമില്ലാതെയാണ് എത്തുന്നത്. മറ്റേതെങ്കിലും മേഖലയില്‍ നിന്നായിരിക്കും അവര്‍ എത്തുന്നത്. അവര്‍ എളുപ്പം കബളിപ്പിക്കപ്പെടുന്നു. ഒരു കാര്യം ഉറപ്പാണ് മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും സിനിമ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
എന്നിട്ടും മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും നിര്‍മ്മാണരംഗത്തുണ്ട്, നിവിന്‍ പോളിയും ആസിഫലിയുമെല്ലാം നിര്‍മ്മാണകമ്പനിയുമായി എത്താന്‍ പോകുന്നു?
നിര്‍മ്മാതാക്കളായ ആര്‍ട്ടിസ്റ്റുകളെയെല്ലാം എടുത്ത് നോക്കൂ, ഇവരെല്ലാം എത് തരത്തിലുള്ള റിസ്‌ക് ആണ് കോ പ്രൊഡക്ഷനായും പ്രൊഡ്യൂസറായും ഏറ്റെടുക്കുന്നതെന്ന് അന്വേഷിച്ച് നോക്കൂ. അപ്പോള്‍ അറിയാം ഒരു താരവും നിര്‍മ്മാതാവായി റിസ്‌ക്് എടുക്കാറില്ലെന്ന് മനസ്സിലാകും. കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റിയമ്പത് കോടി രൂപയിലേറെ നഷ്ടം മലയാള സിനിമയ്ക്കുണ്ടായി. സിനിമാ വ്യവസായത്തിനുണ്ടായ ഈ വലിയ നഷ്ടം നിര്‍മ്മാതാക്കളുടെ മാത്രമാണ്. നഷ്ടം വന്ന ഈ പണം ഇന്‍ഡസ്ട്രി വിട്ട് എങ്ങോട്ടും പോയിട്ടില്ല. ഈ പണം ഇവിടെയുള്ള ആര്‍ട്ടിസ്റ്റിന്റെയും ടെക്‌നീഷ്യന്‍സിന്റെയും കയ്യിലേക്ക് തന്നെയാണ് എത്തിയത്. ഏത് പ്രൊഡ്യൂസറാണ് മലയാളത്തില്‍ നല്ല ലെവലില്‍ നടക്കുന്നത്. ഓഡി കാറില്‍ വന്നിറങ്ങുന്ന പ്രൊഡ്യൂസര്‍ സിനിമ തീരുമ്പോള്‍ ഓടിപ്പോകേണ്ടിവരുമെന്ന് തമാശയായി പറയാറുണ്ട്.
ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവില്‍ പ്രേക്ഷകര്‍ക്ക് ഒരു വിശ്വാസമുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം ഒരു സിനിമയെടുക്കാനുള്ള ധൈര്യമില്ലാത്തത് എന്താണ്?
എന്റെ അടുത്ത പടം ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ചിത്രമായിരിക്കും. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സിനിമയും അടുത്ത മലയാള ചിത്രമാകാനാണ് സാധ്യത. അത് ഹിറ്റാകുമോ ഫ്‌ളോപ്പ് ആകുമോ എന്നൊന്നും എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ആ സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം പുതിയ ആളുകളാണ്. അതിന്റെ സംവിധായകനും ടെക്‌നീഷ്യന്‍മാരും തുടക്കക്കാരായിരിക്കും. അതൊരു ബോംബ് ആയിരിക്കും മലയാള സിനിമയിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന ലിസ്റ്റിന്‍ തമിഴില്‍ വാണിജ്യസാധ്യത മാത്രം ലക്ഷ്യമിട്ടുള്ള സിനിമകളല്ലേ ഒരുക്കുന്നത്.
ട്രാഫിക് ചെന്നെയില്‍ ഒരുനാള്‍ എന്ന പേരിലും ചാപ്പാക്കുരിശ് പുലിവാല്‍ എന്ന പേരിലും തമിഴില്‍ നിര്‍മ്മിച്ചത് ഞാനാണ്. ഉസ്താദ് ഹോട്ടല്‍ റീമേക്കിന് ശ്രമിച്ചെങ്കിലും നടന്നില്ല. ആര്‍ട്ടിസ്റ്റിന് അഡ്വാന്‍സ് വരെ കൊടുത്തിരുന്നതാണ്. പക്ഷേ ഉസ്താദ് ഹോട്ടല്‍ അവിടെ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് പിന്‍മാറിയത്. അവിടെ മാസ് മസാലാ സിനിമകള്‍ക്കാണ് ഇപ്പോഴും മാര്‍ക്കറ്റ്. 35 കോടി രൂപയോളം ഷെയര്‍ ലഭിച്ച് ലാഭമുണ്ടാക്കിയ ചിത്രമാണ് അടുത്തിടെ ഇറങ്ങിയ കാഞ്ചന. അവിടെ ഒരു വെള്ളിയാഴ്ച കൊണ്ട് മാറിമറിയുന്നത് താരങ്ങളുടെ മാത്രമല്ല പ്രൊഡ്യൂസറുടെയും ഡിസ്ട്രിബ്യൂട്ടറുടെയും വിധിയാണ്. തമിഴില്‍ ഇവിടത്തെ പോലെ പരീക്ഷണങ്ങള്‍ നടത്തി വിജയിപ്പിക്കുക വലിയ റിസ്‌ക് ആണ്. ജനപ്രിയ സ്വഭാവമുള്ള കുറച്ച് സിനിമകള്‍ ചെയ്ത ശേഷം മതി തമിഴില്‍ അങ്ങനെ ഒരു അറ്റംപ്റ്റ് എന്നാണ് ആലോചിക്കുന്നത്. ഏഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി തമിഴില്‍. ധനുഷ് നായകനാകുന്ന മാരി, ബോബി സിംഹ നായകനാകുന്ന പാമ്പ് സട്ടൈ,എ എല്‍ വിജയ് വിക്രം പ്രഭുവിനെ നായകനാക്കിയൊരുക്കുന്ന ഇത് എന്ന മായം എന്നീ ചിത്രങ്ങള്‍ ഇനി വരാനുണ്ട്.

0 comments:
Post a Comment